പുൽക്കൊടിത്തുമ്പിനു മഞ്ഞുതുള്ളിയെ സ്നേഹിക്കാനേ കഴിയൂ... സ്വന്തമാക്കാനാവില്ല....

Tuesday 13 November 2012

നഷ്ടപെട്ട സുഹൃത്തിനു


ഓര്‍ക്കുന്നുണ്ട് ഞാന്‍ 
നിന്മുഖം വല്ലപ്പോഴും,
ജീവിത പരീക്ഷയില്‍ 
വേര്‍പിരിഞ്ഞു പോയെക്കിലും .

പണ്ടെത്ര പകലുകളില്‍ 
നാലുമണി പുളകത്തില്‍
ഇരുകൈ കോര്‍ത്തുനാം 
ഇരുചക്ര ശകടത്തില്‍ 
ഇടവഴികള്‍ താണ്ടിയതും. 


ചടുല ഭാഷണങ്ങള്‍ക്കിടയില്‍ 
ചടുപടാ വന്നൊരു 
മഴ നമ്മെ പൊതിഞ്ഞതും 
അതില്‍ കുതുര്‍ന്നു നീ 
ചുണ്ട് കോടി ഇരുന്നതും .

പുച്ചകണ്ണുകള്‍ ഉള്ള 
പെണ്‍കുട്ടിയെ നോക്കി 
' ങ്ങ്യാവൂ'- 'ങ്ങ്യാവൂ'
കരഞ്ഞു ചിരിച്ചതും .

തിയറിയും പ്രാക്ടിക്കലും 
കണ്ടു പേടിച്ചു 
സിനിമ ടാകീസില്‍ 
ഒളിച്ചിരുന്നതും ,
അതുകണ്ടു പിടിച്ചു 
നിന്‍റെ അച്ഛന്‍ അന്ന് 
ചൂരലുമ്മ തന്നതും .

കടലുകാണാന്‍ പോയന്നു 
കടല തിന്നു 
കടല്‍ത്തിര എണ്ണിയതും .
മണലു കൂട്ടിയൊരു 
മണിമാളിക പണിതതും .

പഫ്സും ,പുത്തനാം 
ബര്‍ഗറും നോക്കി 
വെള്ളമിറക്കി ഒരു 
വട്ടു സോഡാ കുടിച്ചതും 
ഇന്നുമോര്‍ക്കുന്നു ഞാന്‍ .

കാവടിയാട്ടം കാണാന്‍ 
പോയന്നു കാലത്ത് 
കട്ട് പെറുക്കിയ 
കടലാസു പൂക്കള്‍പോല്‍ 
തിളങ്ങി നില്‍ക്കുന്നു 
ഇന്നുമാ ഓര്‍മ്മകള്‍ 

എത്ര വട്ടത്തില്‍
ചവുട്ടിയിട്ടും 
നീണ്ടു പോകുന്ന 
ജീവിതചക്രത്തില്‍ 
വീണ്ടുമൊരിക്കല്‍ 
കണ്ടുമുട്ടിയാല്‍ 
കാര്യം ഒന്നുണ്ടുപറയാന്‍ 
കരുതി വെയ്ക്കുന്നു .

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...
everbestblog